ഷിംല: കോൺഗ്രസ് എംപിയുമായി ബന്ധപ്പെട്ട വസതികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടികൂടിയ സംഭവത്തിൽ പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 400 സീറ്റുകൾക്ക് വേണ്ടി ബിജെപി മത്സരിക്കുമ്പോൾ 400 കോടിയുടെ അഴിമതിക്ക് വേണ്ടി കോൺഗ്രസ് കടുത്ത പോരാട്ടത്തിലാണെന്ന് മന്ത്രി പരിഹസിച്ചു.
ജനങ്ങൾ ബിജെപിക്ക് പിന്തുണ നൽകുന്നതിനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷേമപദ്ധതികളാണ്. എല്ലാ മേഖലകളിലും നമ്മുടെ രാജ്യം പുരോഗതി കൈവരിക്കുകയാണ്. എങ്ങനെ 400 സീറ്റ് നേടാമെന്ന് ബിജെപി ചിന്തിക്കുമ്പോൾ അഴിമതി 400 കോടി കടത്താനുള്ള തത്രപ്പാടിലാണ് കോൺഗ്രസ് നേതാക്കൾ. എന്നുതൊട്ട് കോൺഗ്രസ് അധികാരത്തിലെത്തിയോ അന്നുതൊട്ട് ആരംഭിച്ചതാണ് അവരുടെ അഴിമതിയും തട്ടിപ്പുകളും. നോട്ട് നിരോധനത്തെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും ഒക്കെ കോൺഗ്രസ് എതിർക്കുന്നത് ഇതിനാലാണെന്നും അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി. 300 കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിട്ടു. കോൺഗ്രസ് എംപിയുടെ പങ്ക് പുറത്തുവന്നിട്ടും ഇതുവരെ ഒരക്ഷരം മിണ്ടാൻ രാഹുലും സോണിയയും തയ്യാറായിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒഡിഷ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസ്റ്റിലറി ഗ്രൂപ്പിൽ നിന്നാണ് 300 കോടിയോളം വരുന്ന കള്ളപ്പണം കണ്ടെടുത്തത്. ഝാർഖണ്ഡിലെ കോൺഗ്രസ് എംപി ധീരജ് സാഹുവിന് ഡിസ്റ്റിലറി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നതായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ. 2010 മുതൽ ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ എംപിയാണ് ധീരജ് സാഹു. ഇയാളുമായി ബന്ധപ്പെട്ട് ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായാണ് ആദായനികുതി വകുപ്പിന്‌റെ റെയ്ഡ് നടന്നത്. അതേസമയം പിടിച്ചെടുത്ത നോട്ടുകൾ ഇനിയും എണ്ണിത്തീർന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.















