ന്യൂഡൽഹി: ആർട്ടിക്കിള് 370, 35 എ എന്നിവ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. നാഷണൽ കോൺഫറൻസ്, ജമ്മുകശ്മീർ പിഡിപി എന്നീ പാർട്ടികൾ നൽകിയ ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവം നടത്തുന്നത്.
സുപ്രീംകോടതി വിധി എല്ലാവരും ഉൾക്കൊള്ളണമെന്ന് ബിജെപി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. വിധി തങ്ങൾക്ക് അനുകൂലമായിരിക്കുന്നമെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ബിജെപി കശ്മീർ ജനതയുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് വിധി വരുന്നതോടെ അവസാനിക്കും. തങ്ങളുടെ പലനേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇത് ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അജണ്ടകൾ മുൻനിർത്തിയുള്ള ബിജെപിയുടെ നടപടി എടുത്തുകളയുന്ന ദിനമായിരിക്കും തിങ്കളാഴ്ചയെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുക്തി അവകാശപ്പെട്ടു. കശ്മീർ ജനതയുടെ വർത്തമാന കാലത്തും ഭാവിയിലും ഉപകരിക്കുന്നതായിരിക്കും കോടതിവിധിയെന്ന് ഗുലാംനബി ആസാദും പ്രതികരിച്ചു. ആർട്ടിക്കിൾ 370 മായി തങ്ങൾക്ക് വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 9 നാണ് ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ കൊണ്ടുവന്ന് ജമ്മുകശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. രാജ്യസഭയിൽ 61 നെതിരെ 125 വോട്ടുകൾക്കും ലോക്സഭയിൽ 70 നെതിരെ 370 വോട്ടുകൾക്കുമാണ് ബിൽ പാസായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭകളിൽ ബിൽ അവതരിപ്പിച്ചത്.