തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നടൻ ഭീമൻ രഘുവിനെ വിമർശിച്ച സംഭവത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. രാജാവിനെ പുകഴ്‌ത്താൻ പെടാപാടുപെടുന്ന സദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയമണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളുവെന്ന് പേരടി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലായിരുന്നു പേരടിയുടെ വിമർശനം.
പേരടിയുടെ കുറിപ്പ്
രാജാവിനെ പുകഴ്‌ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു…മണ്ട സലാം..??
നടൻ ഭീമൻ രഘു കോമാളിയും മണ്ടനുമാണെന്നായിരുന്നു രഞ്ജിത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പരിഹാസം. 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല. മസിൽ ഉണ്ടെന്നേയുള്ളൂ, സിനിമയിലെ കോമാളിയാണ് ഭീമൻ രഘു. തങ്ങൾ എപ്പോഴും കളിയാക്കാൻ ഉപയോഗിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും രഞ്ജിത്ത് അഭിമുഖത്തിൽ പറഞ്ഞു.