കാസർകോട്: രാഷ്‌ട്രത്തിന്റെ വൈചാരികത, വിചാരം, സംസ്‌കാരം എന്നിവ വരുംതലമുറയ്‌ക്ക് കൈമാറാനുള്ള ഉത്തരവാദിത്തം സ്ത്രീകളുടെ കൈകളിലാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലാജെ. രാഷ്‌ട്രം ദുരിതം നേരിടുന്ന സമയത്ത് പരിഹാരം തേടുവാൻ ഭാരതീയ സ്ത്രീകൾ എന്നും സന്നദ്ധരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തിൽ കാസർകോട് വിദ്യാനഗർ ചിന്മയ തേജസ്സിൽ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ കരന്തലാജെ.
‘മഹിളാ ശക്തിയാണ് രാഷ്‌ട്ര ശക്തി. അതിന് നിരവധി സാക്ഷ്യങ്ങൾ നമുക്ക് മുൻപിലുണ്ട്. രാഷ്‌ട്രത്തിന്റെ വൈചാരികത, വിചാരം, സംസ്‌കാരം തുടങ്ങി വരും തലമുറയ്‌ക്ക് കൈമാറുന്ന കാര്യം സ്ത്രീകളുടെ കൈകളിലാണ്, എന്നാൽ മാത്രമേ രാഷ്‌ട്രം പുരോഗമിക്കുകയുള്ളു.കേരളത്തിലെ ടെസ്സി തോമസ്സ് എങ്ങനെയാണോ അഗ്നിപുത്രി എന്ന നാമം സ്വന്തമാക്കിയത്, അതുപോലെ എല്ലാ സ്ത്രീകളും ജോലികളിലും, സാമൂഹിക പ്രവർത്തനങ്ങളിലും, നാട്ടിലെ ക്ഷേത്ര കാര്യങ്ങളിലും സജീവമാക്കണം.’- എന്ന് ശോഭാ കരന്തലാജെ വ്യക്തമാക്കി.
ചിന്മയ മിഷൻ കാസർകോട് ബ്രഹ്‌മചാരിണി രോജിഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സംയോജക സരിതാ ദിനേഷ്, സഹ സംയോജകി ഗീതാ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച സ്ത്രീകളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ കുറിച്ച് വിഷയാവതരണവും നടന്നു.















