മംഗളൂരു: വിവാഹമോചന കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ച യുവതിയുടെ കള്ളക്കളി പൊളിച്ചടുക്കി ആദ്യ ഭർത്താവ്. യുവാവിനെ കാലങ്ങളായി വഞ്ചിച്ച് ജീവനാംശമായി പ്രതിമാസം 15,000 രൂപയാണ് ഇവർ കീശയിലാക്കിയിരുന്നത്. ബണ്ട്‍വാളിലാണ് അസാധാരണ സംഭവം.
കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാരുന്നു ഇവരുടെ രണ്ടാം വിവാഹവും.2018ലാണ് ഉദയ് നായക് അനിതാ നായകിനെ വിവാഹം കഴിച്ചത്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇരുവരും ഒത്തുപോകില്ലെന്ന് മനസിലാക്കി ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കേസും ഫയൽ ചെയ്തു.
താൻ ഇപ്പോഴും നിയമപരമായി ഉദയിന്റെ ഭാര്യയാണെന്നും ജീവനാംശമായി പ്രതിമാസം 15000 രൂപ വേണമെന്നും അനിത ആവശ്യപ്പെട്ടിരുന്നു. അനിതക്ക് 15,000 രൂപ നൽകാൻ കോടത ഉത്തരവിട്ടിരുന്നു. എന്നാൽ ഇവരുടെ പ്രവൃത്തികളിൽ സംശയം തോന്നിയ യുവാവ് തന്റേതായ രീതിയിൽ അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെ രഹസ്യവിവാഹം അന്വേഷിച്ച് കണ്ടെത്തി കോടതിയെ ധരിപ്പിച്ചു.പിന്നാലെ സിജെയിലും ജെഎംഎഫ്സി കോടതിയിലും സ്വകാര്യ അന്യായം ഫയൽ ചെയ്തു. തുടർന്ന് ഭർത്താവ് ഭാര്യക്ക് നൽകിയിരുന്ന ജീവനാംശം തുടർന്ന് നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. ആദ്യ ഭർത്താവറിയാതെയാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചതെന്നും കോടതി നിരീക്ഷിച്ചു.
ഹരികൃഷ്ണ ഗണപത് റാവു എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിച്ചു. തെളിവ് സ്വീകരിച്ച കോടതി, അനിതയ്‌ക്ക് നൽകേണ്ടിയിരുന്ന 15,000 രൂപ ജീവനാംശം ഇനി നൽകേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.















