വ്യത്യസ്തമായ കഥാപാത്രവുമായി കല്ല്യാണി പ്രിയദർശൻ എത്തിയ ചിത്രമാണ് മൈക്കിൽ ഫാത്തിമ. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന മലപ്പുറത്തുകാരിയായ പെൺകുട്ടിയായാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’യിൽ കല്യാണി എത്തുന്നത്. തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന ഫാത്തിമയെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. ഫുട്‌ബോൾ കമന്റേറ്ററാവാൻ ആഗ്രഹിച്ച് നടക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന നായികയെയാണ് ചിത്രത്തിൽ കാണാനാവുക.
തിയേറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ഇനി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 15-ന് ചിത്രം ഒടിടിയിലെത്തും. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മനു സി കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്താന കൃഷ്ണൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹിഷാം അബ്ദുൾ വഹാബാണ്.