ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ രാഷ്‌ട്രപതിയുടെ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ഓഗസ്റ്റ് അഞ്ചിന് ഇന്ത്യൻ പാർലമെന്റ് സ്വീകരിച്ച തീരുമാനത്തിന് ഭരണഘടനാപരമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ജമ്മു, കശ്മീർ, ലഡാക്ക് ജനതയുടെ പ്രതീക്ഷയും ഐക്യവും പുരോഗതിയും ഉറപ്പുവരുത്തുന്ന വിധിയാണിത്. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ അക്ഷീണം പ്രയത്നിക്കും. ആർട്ടിക്കിൾ 370 കാരണം ദുരിതം അനുഭവിക്കുന്നവരുടെയും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരുടെയും പുരോഗതിക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രവർത്തിക്കും.
ഈ വിധി കേവലമൊരു നിയമവിധി മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണ്. രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെയും ശക്തമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായുള്ള കൂട്ടായ തീരുമാനത്തിന്റെയും തെളിവാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.