ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ലഡാക്ക് എംപി ജംയാംഗ് സെറിംഗ് നംഗ്യാൽ. പാർലമെന്റ് തീരുമാനത്തിന് ലഭിച്ച അംഗീകാരത്തിന്റെ പ്രതിഫലനമാണ് സുപ്രീംകോടതി വിധി. ലഡാക്കിന്റെയും ജമ്മു കശ്മീരിന്റെയും പ്രതീക്ഷയും പുരോഗതിയും ഐക്യവും ഉയർത്തി കാണിക്കുന്ന വിധിയാണിത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വളരെ വലുതാണെന്നും അതിന് അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നതായും നംഗ്യാൽ പറഞ്ഞു.
പ്രത്യേക പദവി റദ്ദാക്കി ജമ്മുകശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് തെളിയിക്കാൻ കേന്ദ്രസർക്കാർ നടത്തിയ പരിശ്രമങ്ങൾക്ക് നന്ദിയുണ്ട്. നിയമപരമായ വിധിയ്‌ക്ക് അപ്പുറം പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രതീകമാണിത്. ജമ്മു കശ്മീരിന്റെയും സമാനമായ മറ്റ് പ്രദേശങ്ങളുടെയും പുരോഗതി കേന്ദ്രസർക്കാർ ഉറപ്പുനൽകുന്നുണ്ട്. ഏകീകൃതമായ രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാവരുടെയും പ്രതിബദ്ധതയാണ് വിധിയിലൂടെ പുറത്ത് വന്നത്.- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താത്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഭരണഘടനയുടെ 370-ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതായിരുന്നു വിധി.















