രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ സെമി മോഹങ്ങൾ തല്ലിക്കെടുത്തി രാജസ്ഥാൻ. 200 റണ്‍സിന്‍റെ നാണംകെട്ട തോല്‍വിയാണ് കേരളത്തിന് രാജസ്ഥാൻ ബൗളർമാർ സമ്മാനിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. സച്ചിൻ ബേബിയും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും മാത്രമാണ് കേരള നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ വിഷ്ണു വിനോദ് പിന്നീട് ക്രീസിലെത്തിയില്ല.
പ്രീക്വാർട്ടറിലെ സെഞ്ച്വറി താരങ്ങൾ നേരത്തെ മടങ്ങിയതോടെ കേരളത്തിന്റെ താളം തെറ്റി. പിന്നീട് ഒരിക്കലും തിരികെ വരാനായില്ല. 23-2ല്‍ നിന്ന് കേരളം അതിവേഗം 49-8ലേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ സഞ്ജുവില്ലാതെയാണ് കേരളം ക്വാർട്ടറിനിറങ്ങിയത്. സച്ചിൻ ബേബിയുടെ പോരാട്ടമാണ് കേരളത്തെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ച് 50 കടത്തിയത്.
നാലു വിക്കറ്റെടുത്ത അനികേത് ചൗധരിയും മൂന്ന് വിക്കറ്റെടുത്ത അറാഫത്ത് ഖാനും രണ്ട് വിക്കറ്റെടുത്ത ഖലീല്‍ അഹമ്മദും ചേര്‍ന്നാണ് കേരളത്തെ ചുരുട്ടിക്കൂട്ടിയത്. പ്രീക്വാർട്ടറിലെ നിഴൽ പോലുമാകാതെ തരിപ്പണമാകുന്നതാണ് കണ്ടത്. ക്യാപ്റ്റന്‍ സഞ്ജു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാൻ പോയതിനാൽ രോഹന്‍ കുന്നുമ്മലാണ് ഇന്ന് കേരളത്തെ നയിച്ചത്.















