ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രശാന്ത് നീൽ ചിത്രമാണ് സലാർ. പ്രഭാസിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജ് കൂടെ എത്തുമ്പോൾ വൻ ആവേശത്തിലാണ് ആരാധകർ. ഈ മാസം 22-ന് തീയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.
സിനിമയിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ യാഷും അഭനയിക്കുന്നുണ്ടെന്നാണ് പുതിയ ചർച്ച. ഇതിനുള്ള കാരണം, പാലക്കാട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ തീർത്ഥ എന്ന കുട്ടി മാദ്ധ്യമങ്ങളോട് താൻ സലാറിൽ പാടിയിരുന്നെന്ന് പറഞ്ഞതാണ്. സലാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, യാഷിന്റെ പേരും കുട്ടി പറയുന്നുണ്ട്. ഇത്, വിവിധ സിനിമാ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു.
യാഷിനെ വെച്ച് കെ ജി എഫ് ഒരുക്കിയ പ്രശാന്ത് നീൽ സലാർ സംവിധാനം ചെയ്യുമ്പോൾ യാഷ് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല എന്നാണ് ആരാധകർ പറയുന്നത്. പിള്ള മനസിൽ സ്പോയിലറില്ല എന്നൊക്കെയുള്ള നിരവധി കമന്റുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഒടുവിൽ, തീർത്ഥ തന്നെ തനിക്ക് തെറ്റി പോയതാണെന്നും സത്യാവസ്ഥ പറയുകയും ചെയ്തു.

കെജിഎഫ് സിനിമ താൻ ഒത്തിരി തവണ കണ്ടിട്ടുണ്ടായിരുന്നു. സിനിമയിൽ പാടാൻ അവസരം ലഭിച്ചപ്പോൾ കെജിഎഫ് ടീം ആണ് സലാറിന്റെ മ്യൂസിക്കും കാര്യങ്ങളുമൊക്കെയെന്ന് അച്ഛൻ പറഞ്ഞിരുന്നു. അപ്പോൾ താൻ കരുതിയത്, സലാറിൽ യാഷും ഉണ്ടാകുമെന്നാണ്. ആ ഒരു ചിന്തയിലാണ് പെട്ടെന്ന് യാഷിന്റെ പേര് പറഞ്ഞതെന്നാണ് കുട്ടി പറഞ്ഞത്.
മാളികപ്പുറം സിനിമയിലെ രഞ്ജിൻ രാജ് വഴിയാണ് സലാറിൽ പാടാൻ അവസരം ലഭിച്ചതെന്നും മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രത്തിനായി പാടിയതെന്നും തിർത്ഥ പറഞ്ഞു. മാളികപ്പുറത്തിന് പുറമെ വോയ്സ് ഓഫ് സത്യനാഥനിലും തീര്‍ത്ഥ പാടിയിട്ടുണ്ട്.















