തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്ഐ ഗുണ്ടകൾ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയത്. ഗവർണർക്കെതിരെ എസ്എഫ്ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നിട്ടും പോലീസ് അംലഭാവം കാണിച്ചുവെന്നത് വ്യക്തമാണ്.
പ്രതിഷേധം സംഘടിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ വരെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. അധിക സുരക്ഷയൊരുക്കണമെന്നും മാത്രമല്ല ഇന്റലിജൻസ് റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നുമായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. വിശദമായ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും പോലീസിലെ ഉന്നതർ അവഗണിക്കുകയായിരുന്നു. രഹസ്യമായി സൂക്ഷിക്കണെമന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ച ഗവർണറുടെ സഞ്ചാരപ്പാത പോലീസ് അസോസിയേഷൻ നേതാവ് എസ്എഫ്ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു ഇന്റലിജൻസിന്റെ ആദ്യത്തെ റിപ്പോർട്ട്. ഗവർണർക്ക് വിമാനത്താവളത്തിലേക്ക് പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാരന്തര റൂട്ടും കൂടി നിശ്ചയിക്കണമെന്നും നിർദ്ദേശിച്ചു. രഹസ്യമായി സൂക്ഷിക്കാനും കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയ കാഴ്ചയാണ് ഇന്നലെയുണ്ടായത്. പ്രതിഷേധം കനക്കുമെന്ന സൂചന നൽകി ഇന്നലെ രാവിലെയായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. പ്രതിഷേധത്തിനുള്ള സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്‌ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ട്.















