സംവിധായക ഗീതുമോഹൻ ദാസിനെ മലയാളികൾക്കും സിനിമാ നിരൂപകർക്കും സുപരിചിതയാണെങ്കിലും മറ്റ് ഭാഷകളിലെ സിനിമാ പ്രേമികൾക്ക് താരത്തിനെ വ്യക്തമായി അറിയില്ല. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമെന്ന പദവിയിലെത്തിയ യാഷിന്റെ അടുത്ത ചിത്രമായ ടോക്സിക് സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്.
ടോക്സിക്കിന്റെ ടൈറ്റിൽ റിവീലിന് ശേഷം മറ്റ് ഭാഷകളിലെ സിനിമാ ആരാധകർക്ക് ചെറുതല്ലാത്ത ഒരു ആശങ്കയുണ്ട്. കാരണം, പരിചയമില്ലാത്ത സംവിധായക എന്നതാണ്. അതുകൊണ്ട് കൂടിയാകാം, ഗൂഗിളിൽ ഇന്ത്യയിൽ നിന്ന് കഴിഞ്ഞ ദിവസം ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട പേരുകളിലൊന്ന് ഗീതു മോഹൻദാസിന്റേതായിരുന്നു. രാവിലെ മുതലാണ് ഏറ്റവും കൂടുതൽ പേർ ഈ പേര് തിരഞ്ഞിരിക്കുന്നത്.
ഇന്ന് ധാരാളമായി സെർച്ചിൽ വന്ന ടോപ്പിക്കുകളിൽ ഗീതു മോഹൻദാസ് എന്ന പേര് ഗൂഗിളും ട്രെൻഡ്‌സ് ലിസ്റ്റ് ചെയ്തു.
സംവിധായക വേഷമിട്ട് മൂന്ന് ചിത്രങ്ങളാണ് ഗീതു മോഹൻദാസ് ചെയ്തിട്ടുള്ളത്. 2009-ലെ ഗീതുവിന്റെ അരങ്ങേറ്റ സംവിധാനം ഹ്രസ്വ ചിത്രമായ ‘കേൾക്കുന്നുണ്ടോ’യിലൂടെയായിരുന്നു. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണിത്. രണ്ടാമത്തെ ചിത്രം 2014-ൽ പുറത്തിറങ്ങിയ ‘ലയേഴ്‌സ് ഡൈസ്’ എന്ന ബോളിവുഡ് ചിത്രമാണ്. ഗീതുവിന്റെ മൂന്നാമത്തെ ചിത്രം നിവിൻ പോളി പ്രധാന കഥാപാത്രമായെത്തിയ ‘മൂത്തോൻ’ ആണ്. പാൻ ഇന്ത്യൻ നിലവിൽ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സിനിമ ചെയ്യുമ്പോൾ സംവിധായക എന്ന നിലയിൽ വെല്ലുവിളിയാണ്.