മുംബൈ: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വർക്കലയിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ഭക്തരെത്തും. മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് ഡിസംബർ 30-നാണ് തുടക്കമാവുന്നത്. ഡിസംബർ 30, 31, ജനുവരി 1 തീയതികളിലാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ 91-ാമത് തീർത്ഥാടനമാണിത്.
അരുവിപ്പുറം പുണ്യകർമ്മം -മുംബൈ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ 50-ൽപ്പരം തീർത്ഥാടകരാണ് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുക. ഡിസംബർ 28-ന് തീർത്ഥാടകർ മുംബൈയിൽ നിന്നും യാത്ര തിരിക്കും. മൂന്ന് ദിവസത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഭക്തർ ശിവഗിരിയിലെത്തും.
പത്ത് ദിവസത്തെ വ്രതം, ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നിവയാണ് തീർത്ഥാടനവേളയിൽ വേണ്ടത്. മഞ്ഞവസ്ത്രം ധരിച്ചാണ് ഭക്തജനങ്ങൾ കർമ്മം നിർവഹിക്കുന്നത്. തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഇശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സെമിനാറുകളും സംഘടിപ്പിക്കും. തീർത്ഥാടനത്തിന് പങ്കെടുക്കാനായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മുംബൈ താനെ യുണിയൻ പ്രസിഡന്റ് എംബിജു കുമാർ അറിയിച്ചു.















