ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് വില്ലനായി മഴയെത്തിയത്. ഇതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറിൽ 152 റൺസായി പുനർനിശ്ചയിച്ചത്. റിങ്കു സിംഗ് (68), മുഹമ്മദ് സിറാജ് (0) എന്നിവരായിരുന്നു ക്രീസിൽ. ടി20യിലെ റിങ്കുവിന്റെ കന്നി അർദ്ധ സെഞ്ച്വറിയും ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ പിറന്നു. നായകൻ സൂര്യകുമാർ യാദവും(56) ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളിനെയും (0) ശുഭ്മാൻ ഗില്ലിനെയും (0) നഷ്ടമായിരുന്നു. ജയ്സ്വാളിനെ മാർക്കോ ജാൻസണും ഗില്ലിനെ ലിസാഡ് വില്യംസുമാണ് പുറത്താക്കിയത്. പിന്നാലെ ക്രീസിലൊന്നിച്ച തിലക് വർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യൻ സ്‌കോർ ബോർഡ് ഭേദപ്പെട്ട നിലയിൽ ചലിപ്പിച്ചു. എന്നാൽ തിലകിനെ (29) പുറത്താക്കി കോട്ട്സീ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്ന് നാലാം വിക്കറ്റിൽ സൂര്യയ്‌ക്കൊപ്പം റിങ്കു സിംഗ് ചേർന്നതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. സൂര്യയെ മടക്കി തബ്രൈസ് ഷംസി അപകടകാരമായ ഈ കൂട്ടുകെട്ട് തകർത്തു. പിന്നാലെ ജിതേഷ് ശർമയുടെ (1)യും രവീന്ദ്ര ജഡേജ(19)യുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാൾഡ് കോട്ട്‌സി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മാർക്കോ ജാൻസൺ, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.















