ന്യൂഡൽഹി: ഇന്ത്യ- തുർക്കി ബന്ധം മികച്ചതാണെന്നും, ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരത് സുനൽ. ഇരു രാജ്യങ്ങളുടെയും ബന്ധം ചരിത്രത്തിന്റെ വേരുകൾ തേടിയുള്ള ഒരു യാത്ര പോലെയാണെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വളരെ മികച്ചതും വിജയകരവുമായിരുന്നുവെന്നും അറിയിച്ചു.
”ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ ഞങ്ങളുടെ പ്രസിഡന്റ് എർദോഗൻ, വിദേശകാര്യമന്ത്രി, പാർലമെന്റ് സ്പീക്കർ എന്നിവരും പങ്കെടുത്തിരുന്നു. കേവലം ഒരു യോഗം എന്നതിലുപരി നയതന്ത്രജ്ഞരുടെ ഒത്തുചേരൽ കൂടിയാണ് ജി20ൽ നടന്നത്. ഇരു രാജ്യങ്ങളുടെയും ബന്ധം മികച്ചതും ശരിയായ ദിശയിലുമാണ് പോകുന്നത്”- ഫിരത് സുനൽ പറഞ്ഞു.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്ത തുർക്കി പ്രസിഡന്റ് എർദോഗൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വ്യാപാര ബന്ധങ്ങളും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായുള്ള നിരവധി കാര്യങ്ങൾക്ക് ചർച്ചയിൽ തീരുമാനമായതായും ഇന്ത്യയിലെ ജനങ്ങൾ ടർക്കിഷ് സിനിമകളും സീരിയലുകളും ഇഷ്ടപ്പെടുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും ഫിരത് അറിയിച്ചു. ജനുവരി 11 മുതൽ 14 വരെയുള്ള നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലും തുർക്കിയിൽ നിന്നുള്ള ആളുകൾ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.