വയനാട്: കടുവാ ഭീതി വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി വാകേരിയിലെ കാപ്പി കർഷകർ. കടുവയെ ഭയന്ന് കാപ്പിത്തോട്ടത്തിലേക്ക് തൊഴിലാളികളെ കിട്ടാനില്ല. കാപ്പി കൃഷി വിളവെടുക്കാൻ കഴിയാതെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് കർഷകർ പറയുന്നു.
‘ഇപ്പോൾ കാപ്പി കൃഷിയുടെ വിളവെടുപ്പ് കാലമാണ്. തൊഴിലാളികളെ കിട്ടാത്തത് കാരണം ലക്ഷക്കണക്കിന് രൂപയുടെ കാപ്പിയാണ് നിലവിൽ നശിക്കുന്നത്. പ്രദേശത്തെ വന്യജീവിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് പലതവണ പ്രക്ഷോഭ സമരങ്ങൾ നടത്തിയിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെന്നും’ കർഷകർ വ്യക്തമാക്കുന്നു. വയനാട്ടിലെ കർഷകരുടെ പ്രധാന വരുമാനമാർഗ്ഗമാണ് കാപ്പി. ആയിരക്കണക്കിന് കർഷകരാണ് വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ കാപ്പി കൃഷി ചെയ്യുന്നത്.
അതേസമയം സുൽത്താൻ ബത്തേരിയിലെ വാകേരിയിൽ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്താനാകാതെ നട്ടംതിരിയുകയാണ് വനം വകുപ്പ്. കഴിഞ്ഞ ദിവസം 20 അംഗ സംഘം വനത്തിലെത്തി തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നും കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.















