ഔഷധഗുണങ്ങളാൽ സമ്പന്നമായ നെല്ലിക്കയുടെ പ്രാധാന്യം പുരാതനകാലം മുതൽക്കെ കേട്ടുകേൾവിയുള്ളതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ അസാധ്യമായ പ്രതിരോധ ശേഷി പ്രദാനം ചെയ്യാൻ നെല്ലിക്കയ്‌ക്ക് കഴിയും. അമ്‌ള എന്നും അറിയപ്പെടുന്ന നെല്ലിക്കയെ ഇന്ത്യൻ ഗൂസ്‌ബെറി എന്നാണ് വിദേശരാജ്യങ്ങളിൽ വിളിക്കുന്നത്. വെറുംവയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാലും ഗുണങ്ങൾ നിരവധിയാണ്..
വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് അകറ്റാൻ ശരീരത്തെ സഹായിക്കുന്നു. വെറുംവയറ്റിൽ നെല്ലിക ജ്യൂസ് കുടിക്കുമ്പോൾ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുന്നു. കൂടാതെ പോഷകങ്ങൾ പെട്ടെന്ന് ആഗിരണം ചെയ്യാൻ ശരീരത്തെ പാകപ്പെടുത്തും. ഇതുവഴി ആരോഗ്യമുള്ള ശരീരം ലഭിക്കുകയും അമിത വണ്ണം കുറയുകയും ചെയ്യും.
ശരീരത്തെ ശുദ്ധീകരിക്കാൻ നെല്ലിക്ക ജ്യൂസിന് കഴിയും. വെറുംവയറ്റിൽ ജ്യൂസ് കുടിക്കുമ്പോൾ അത് ദഹനവ്യവസ്ഥയെ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ഇതുവഴി കുടലിന്റെ ആരോഗ്യം വർദ്ധിക്കുന്നു. ആമാശയത്തിലും കുടലിലും അടിഞ്ഞുകൂടിയ ദോഷകരമായ വസ്തുക്കൾ മാറ്റാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. പതിവായി ജ്യൂസ് കുടിച്ചാൽ സ്ഥിരം ദഹനപ്രശ്‌നങ്ങളായ അസിഡിറ്റി, വയറുവേദന, ദഹനക്കേട് എന്നിവയെ ഇല്ലാതാക്കാനും കഴിയും.
പ്രമേഹമുണ്ടെങ്കിൽ അത്തരക്കാരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും. ആരോഗ്യമുള്ളതും തെളിഞ്ഞതും തിളക്കമുള്ളതുമായ ചർമ്മത്തിന് നെല്ലിക്ക ജ്യൂസ് സഹായിക്കും. ഒപ്പം മുടിയുടെ ആരോഗ്യത്തിനും ജ്യൂസ് അത്യുത്തമമാണ്. മുടിക്കൊഴിച്ചിലിനെ നിയന്ത്രിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.