ഗന്ധിനഗർ: ഗുജറാത്തിൽ ആംആദ്മിക്ക് വൻ തിരച്ചടി. ജുനഗഡ് വിസവാദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര ഭയാനി ആംആദ്മിയിൽ നിന്ന് രാജിവെച്ചു. പിന്നാലെ നിയമസഭാംഗത്വവും ഭയാനി രാജിവച്ചു. 182 അംഗ നിയമസഭയിൽ ആം ആദ്മിക്ക് അഞ്ച് എംഎൽഎമാരാണുള്ളത്. ആദ്യമായാണ് ഗുജറാത്തിലെ നിയമസഭയിലേക്ക് ആംആദ്മി വിജയിക്കുന്നത്.
ഗുജറാത്ത് നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ചതായി ഗുജറാത്ത് നിയമസഭാ സെക്രട്ടറി ഡി.എം പട്ടേൽ അറിയിക്കുകയായിരുന്നു. എംഎൽഎ സ്ഥാനം രാജിവെക്കുകയാണെന്ന് ഭയാനി തന്റെ രാജിക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും തീരുമാനത്തിന് പിന്നിലെ കാരണങ്ങളൊന്നും കത്തിൽ പരാമർശിച്ചിരുന്നില്ല.
ആംആദ്മി പാർട്ടിയിൽ നിന്നാൽ ജനങ്ങളെ സേവിക്കാൻ സാധിക്കില്ല. അതിനാലാണ് രാജിവെച്ചത്. വികസനത്തിലും ജനസേവനത്തിലും വിശ്വസിക്കുന്നവർക്ക് ആംആദ്മിയിൽ അധികകാലം തുടരാനാവില്ല. തന്റെ മണ്ഡലത്തിലെ ജനങ്ങളെ സേവിക്കാൻ ആംആദ്മി ശരിയായ മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.















