ന്യൂഡൽഹി: മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡ്, അർജുന അവാർഡ് എന്നിവയ്‌ക്കുള്ള പട്ടിക ശുപാർശ ചെയ്തു. അർജുന അവാർഡിനായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പേരാണ് ബിസിസിഐ ശുപാർശ ചെയ്തിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച് 2023-ലെ ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടർന്നാണ് ഷമിയെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് ഷമി വീഴ്‌ത്തിയത്. കൂടുതൽ വിക്കറ്റ്, മികച്ച ബോളിംഗ് ശരാശരി, സ്‌ട്രൈക്ക് റേറ്റ്, മികച്ച ബോളിംഗ് പ്രകടനം തുടങ്ങി ലോകകപ്പിലെ ഭൂരിഭാഗം വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഷമി മുൻപന്തിയിലുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമി ലോകകപ്പിൽ ടീമിൽ ഇടംപിടിച്ചത്. ന്യൂസീലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിലൂടെയായിരുന്നു ഷമിയുടെ 2023 ലോകകപ്പിലെ അരങ്ങേറ്റം. ആദ്യം നൽകിയ പട്ടികയിൽ ഷമിയുടെ പേരില്ലായിരുന്നെങ്കിലും താരത്തിന്റെ പേര് ഉൾപ്പെടുത്തണമെന്ന് കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യർത്ഥന നടത്തിയിരുന്നു.
മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡ്, അർജുന അവാർഡ് ഉൾപ്പെടെ ഈ വർഷത്തെ കായിക അവാർഡുകൾ തീരുമാനിക്കാൻ മന്ത്രാലയം 12 അംഗ കമ്മിറ്റി രൂപീകരിച്ചുട്ടുണ്ട്. മുൻ സുപ്രീം കോടതി ജസ്റ്റിസ് എഎം ഖാൻവിൽക്കറാണ് സമിതിയുടെ അദ്ധ്യക്ഷൻ. അദ്ദേഹത്തെ കൂടാതെ ആറ് മുൻ അന്താരാഷ്‌ട്ര അത്ലറ്റുകളും ഈ സമിതിയുടെ ഭാഗമായുണ്ട്. ഹോക്കി താരം ധനരാജ് പിള്ള, മുൻ തുഴച്ചിൽ താരം കമലേഷ് മേത്ത, മുൻ ബോക്സറായ അഖിൽ കുമാർ, വനിതാ ഷൂട്ടറും നിലവിലെ ദേശീയ പരിശീലകനുമായ ഷുമ ഷിരൂർ, മുൻ ക്രിക്കറ്റ് താരം അഞ്ജു ചോപ്ര, ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, പവർലിഫ്റ്റർ ഫർമാൻ പാഷ എന്നിവരും സമിതി അംഗങ്ങളാണ്.