നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അവസാന നിമിഷമാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. തോൽവിയിൽ രോഹിത് ശർമ്മയും വിരാട് കോലിയും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം അതീവ ദുഃഖിതരായിരുന്നു. ഇപ്പോൾ ലോകകപ്പ് ഫൈനലിലെ തോൽവിയ്‌ക്ക് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രോഹിത് ശർമ്മ.
ഏകദിന ലോകകപ്പിലെ തോൽവി താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തോൽവിയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് എങ്ങനെ തിരിച്ചുവരണമെന്ന് എനിക്കറിയില്ലായിരുന്നു, എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് ചുറ്റുമുണ്ടായിരുന്നു. അവർ എനിക്ക് പൂർണ പിന്തുണ നൽകി. അതെനിക്ക് തിരിച്ചുവരാനായി ഗുണം ചെയ്തു. തോൽവി ഉൾക്കൊള്ളുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ജീവിതം മുന്നോട്ട് പോകുന്നതിനൊപ്പം ഞാനും മുന്നോട്ട് പോകുകയാണ്. -ഇൻസ്റ്റഗ്രാമിൽ TeamRo45 പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
‘ഞാൻ ഏകദിന ലോകകപ്പ് കണ്ടാണ് വളർന്നത്. ലോകകപ്പ് കിരീടം നേടുന്ന നിമിഷമായിരുന്നു ഞാൻ എനിക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനം. ലോകകപ്പിൽ മുത്തമിടാനായി വർഷങ്ങളോളമാണ് ഞങ്ങൾ പരിശ്രമിച്ചത്. പക്ഷേ അവസാന നിമിഷം അത് ഞങ്ങളിൽ നിന്ന് അകന്നുപോയി. ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോഴുള്ള വേദന പറഞ്ഞ് അറിയിക്കുന്നതിലും അപ്പുറമാണ്. എന്നും എന്റെ ടീമിനെ കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്. വിജയിക്കാൻ ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്തു. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും 10 കളികളിൽ ഞങ്ങൾക്ക് ജയിക്കാൻ സാധിച്ചു. പൂർണത നിറഞ്ഞ ഒരു മത്സരവുമില്ലെന്ന് രോഹിത് വ്യക്തമാക്കി. ജനങ്ങൾ ഞങ്ങൾക്ക് തന്ന സപ്പോർട്ട് വളരെ വലുതാണ്. തോൽവിയിൽ പോലും എല്ലാവരും ടീമിനെ ആത്മാർത്ഥമായി പിന്തുണച്ചു.
ലോകകപ്പ് അവസാനിച്ചതിന് ശേഷം താൻ യുകെയിലേക്ക് പറന്നിരുന്നു. തോൽവിയിൽ നിന്ന് കരകയറനാണ് ഇത്തരത്തിലൊരു യാത്ര പോയത്. പക്ഷേ അവിടെയെത്തിയപ്പോഴേക്കും ആളുകൾ എന്റെ അടുത്തേക്ക് വന്നു. ടീമിന്റെ ലോകകപ്പിലെ പ്രകടനത്തെ അവരെല്ലാം അഭിനന്ദിച്ചു. ഞങ്ങളോടൊപ്പം ലോകകിരീടം ഉയർത്താൻ അവർ എത്രമാത്രം ആഗ്രഹിച്ചെന്ന് എനിക്ക് മനസിലായി. ഇത്തരത്തിലുള്ള ആളുകൾക്കൊപ്പമാണ് ഞാനും തോൽവിയിൽ നിന്ന് കരകറിയത്. – രോഹിത് പറഞ്ഞു.