റോം: വത്തിക്കാന് പുറത്ത് തനിക്ക് കല്ലറ സജ്ജമാണെന്ന് അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മുൻഗാമികളുടേത് പോലെ തന്റെ സംസ്‌കാര ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തരുതെന്നും അതിനായി താൻ സ്ഥലം കണ്ടുവച്ചിട്ടുണ്ടെന്നുമായിരുന്നു മാർപാപ്പ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
റോമിലെ ബസിലിക്കയിൽ തന്നെ അടക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെ തീരുമാനം യാഥാർത്ഥ്യമായാൽ വത്തിക്കാന് പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യ മാർപാപ്പയാകും അദ്ദേഹം. കഴിഞ്ഞ നൂറ് വർഷത്തോളമായി മാർപാപ്പമാരുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് വത്തിക്കാനിൽ തന്നെയാണ്.
ഈ വാരാന്ത്യത്തിൽ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് 87 വയസ് തികയുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2024ൽ ബെൽജിയം സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നതായും ജന്മനാടായ അർജന്റീനയും പോളിനേഷ്യയും സന്ദർശിക്കുമെന്നും മാർപാപ്പ പറഞ്ഞു.















