ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ മികച്ച സേവനം കാഴ്ച വച്ച ജീവനക്കാർക്ക് അതി വിശിഷ്ട റെയിൽവേ സേവാ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്. അനുമോദന ചടങ്ങുകൾ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി എല്ലാവർഷവും ഡിസംബർ 16 വരെ റെയിൽവേ വാരമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയ്‌ക്ക് നിസ്വാർത്ഥ സേവനങ്ങൾ നൽകിയ ജീവനക്കാരെ ഡിസംബർ 15-ന് അതി വിശിഷ്ട റെയിവേ സേവാ പുരസ്‌കാരം നൽകി ആദരിക്കുന്നുവെന്നും അശ്വനി വൈഷണവ് അറിയിച്ചു.
ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി റെയിൽവേ ജീവനക്കാരെ ആദരിക്കുന്നത് ഇത് 68-ാം വർഷമാണ്. 1853-ലാണ് ഭാരതത്തിൽ ആദ്യമായി ഒരു ട്രെയിൻ ഓടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 റെയിൽവേ ജീവനക്കാർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. രാജ്യത്തുടനീളമുള്ള വിവിധ സോണലുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, പ്രൊഡക്ഷൻ യൂണിറ്റുകൾ, റെയിൽവേ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് തിരഞ്ഞെടുത്ത് ആദരിക്കുന്നത്. കേന്ദ്രമന്ത്രി റാവു പാട്ടീൽ ദൻവെ, സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേയുടെ വിവിധ സോണുകളിൽ നിന്നുള്ള ജനറൽ മാനേജർമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.















