ടെൽ അവീവ്: ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി, ഇസ്രായേലിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. ഭീകരരെ പിന്തുണയ്‌ക്കുകയും അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നവരെ ഗാസയിൽ പ്രവേശിക്കാൻ ഇനി തങ്ങൾ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹനിയയുടെ പ്രതികരണം.
എന്നാൽ ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും വെസ്റ്റ് ബാങ്കിനേയും ഗാസയേയും പുനക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഏത് ചർച്ചകളും നടത്താൻ തയ്യാറാണെന്നും ഹനിയ പറയുന്നു. ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന പാലസ്തീൻ ജനതയുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടുള്ള ചർച്ചകളും തങ്ങൾ അംഗീകരിക്കുന്നതായി ഹനിയ വ്യക്തമാക്കി.
അതേസമയം ഹമാസ് ഭീകരർക്കെതിരെ വിജയം നേടുന്നത് വരെ ഗാസയിൽ യുദ്ധം തുടരുമെന്നും, ഒരു ശക്തിക്കും ഇസ്രായേലിനെ തടയാൻ സാധിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ” ഹമാസിന്റെ അവസാനം വരെ ഈ പോരാട്ടം തുടരും. ഇതിൽ മറ്റ് ചോദ്യങ്ങളൊന്നുമില്ല. വലിയ വേദന അനുഭവിച്ചവരാണ് ഞങ്ങൾ. ഒരു അന്താരാഷ്‌ട്ര സമ്മർദ്ദത്തിനും ഇനി ഇസ്രായേലിനെ പിന്തിരിപ്പിക്കാനാകില്ല. ഹമാസിന്റൈ അവസാനം എന്നതിൽ കുറഞ്ഞ് ഒരു ലക്ഷ്യവും ഇനി ഇസ്രായേലിന് ഇല്ലെന്നും” നെതന്യാഹു പറയുന്നു.