കൊൽക്കത്ത: രാജ്യത്തെ ഓരോ വിശ്വാസിയും കാത്തിരിക്കുന്ന ദിനമാണ് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനം. 2024 ജനുവരി 22 നാണ് അയോദ്ധ്യയിൽ നിർമ്മിക്കുന്ന ശ്രീരാമക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. ഇതോടനുബന്ധിച്ച് ശ്രീരാമന്റെ വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുകയാണ് പഞ്ചിമബംഗാളിലെ മുസ്ലീം ശിൽപികൾ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശികളായ മുഹമ്മദ് ജമാലുദ്ദീനും മകൻ ബിട്ടുവുമാണ് രാമക്ഷേത്രം അലങ്കരിക്കുന്നതിനായി പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.
ഫൈബർ പ്രതിമ നിർമ്മിക്കാനുള്ള നിർദ്ദേശമാണ് ഇരുവർക്കും അയോദ്ധ്യയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ ഇവ സാധാരണ കളിമൺ പ്രതിമകളെക്കാൾ കൂടുതൽ കാലം നിലനിൽക്കും. 2.8 ലക്ഷം രൂപ ചിലവിലാണ് ഒരു പ്രതിമയുടെ നിർമ്മാണം. ശ്രീരാമന്റെ പ്രതിമ നിർമ്മിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷവനാണെന്നും. മാ ദുർഗ്ഗയുടെയും ജഗധാത്രിയുടെയും പ്രതിമകൾ താൻ നിർമ്മിച്ചിട്ടുള്ളതായും ജമാലുദ്ദീൻ പറഞ്ഞു.
ഹൈന്ദവ ദേവതകളുടെ പ്രതിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. ഹൈന്ദവ വിശ്വാസങ്ങളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.