അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഒന്നും രണ്ടും നിലകൾ, ചുവർച്ചിത്രങ്ങൾ, താഴത്തെ സ്തംഭം, 360 കൂറ്റൻ തൂണുകളിൽ കൊത്തുപണികൾ എന്നിവ ഉൾക്കൊള്ളുന്ന രണ്ടാം ഘട്ടം 2024 ഡിസംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാസ്തുശില്പിയായ ചന്ദ്രകാന്ത്ഭായ് സോംപുരയാണ് നഗര ശൈലിയിൽ ക്ഷേത്രത്തിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മിർസാപൂർ, ബൻസിഹാർപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പിങ്ക് മണൽക്കല്ലും മാർബിളുമാണ് പ്രധാന നിർമാണ സാമഗ്രികളായി ഉപയോഗിച്ചിരിക്കുന്നത്. 2 ടൺ ഭാരമുള്ള 17,000 ഗ്രാനൈറ്റുകളാണ് ഇതിനായി അയോദ്ധ്യയിൽ എത്തിച്ചത്.
ഭുകമ്പങ്ങളേയും പ്രകൃതിക്ഷോഭങ്ങളേയും അതിജീവിക്കുന്ന തരത്തിലുള്ള നിർമാണ ശൈലിയാണ് രാമക്ഷേത്രത്തിനായി പ്രയോജനപ്പെടുത്തിയത്. 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ പോലും അടിത്തറയക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. കൂടാതെ 1,000 വർഷത്തേക്ക് യാതൊരു തരത്തിലുള്ള അറ്റകുറ്റപ്പണിയും ക്ഷേത്രത്തിന് ആവശ്യമില്ല. ഉരുക്കും സാധാരണ സിമന്റും പൂർണ്ണമായും ഒഴിവാക്കിയാണ് 12 മീറ്റർ ആഴമുള്ള അടിത്തറ ഒരുക്കിയത്. പ്രത്യേകം സംസ്കരിച്ചെടുത്ത മണ്ണ് കട്ടകൾ ഉപയോഗിച്ചാണ്. 28 ദിവസം കൊണ്ടാണ് മണ്ണിനെ ബലമുള്ള കട്ടയായി സംസ്കരിച്ചെടുക്കുന്നത്. ഇത്തരത്തിലുള്ള 47 പാളികളാണ് അടിത്തറയിൽ സ്ഥാപിച്ചത്.
21 ലക്ഷം ക്യുബിക് അടി ഗ്രാനൈറ്റ്, മണൽക്കല്ല്, മാർബിൾ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. 1992-ലെ ‘ശിലാദാൻ’ സമയത്തും അതിനുശേഷവും സംഭാവനയായി ലഭിച്ച എല്ലാ ഇഷ്ടികകളും മന്ദിരത്തിന്റെ നിർമാണത്തിൽഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിനും ഒട്ടേറെ സവിശേഷതകളുണ്ട്. എല്ലാ രാമനവമിയിലും ഉച്ചയ്‌ക്ക് 12 മണിക്ക് സൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ പതിക്കുന്ന രീതിലാണ് പ്രതിഷ്ഠ നിർവഹിക്കുക. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പൂനെയിലെ ആസ്ട്രോഫിസിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് അതിസൂഷ്മമായി ഇത്തരം അനുഭവം ഒരുക്കുന്നത്. ഭാരതീയ വാസ്തുവിദ്യാ വൈഭവത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും പ്രൗഢഗംഭീരമായ ഉദാഹരണമായി മാറുകയാണ് അയോദ്ധ്യയിലെ രാമക്ഷത്രം.
ഭാരതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ടിക്കും. ജനുവരി 27 ന് രാവിലെ മുതൽ ഭക്തർക്ക് വിഗ്രഹം ദർശിക്കാം.















