തൃശൂർ: കരുവന്നൂർ സഹകരണബാങ്കിൽ സിപിഎം നേതാവ് അരവിന്ദാക്ഷൻ നടത്തിയ തട്ടിപ്പ് മഞ്ഞുമലയിലെ ഒരറ്റം മാത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭരണസമിതിക്ക് പുറമെ ബാങ്കുമായി ബന്ധമുള്ള രാഷ്‌ട്രീയക്കാരും കരുവന്നൂരിലെ തട്ടിപ്പിന് കാരണക്കാരാണ്. ബാങ്ക് ഭരണസമിതിയെ നിയമവിരുദ്ധമായി വായ്പകൾ അനുവദിക്കാനായി അരവിന്ദാക്ഷൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയെ ഇ.ഡി ഇക്കാര്യം അറിയിച്ചത്.
കരുവന്നൂരിലേ സിപിഎം അക്കൗണ്ടിലേക്ക് തട്ടിപ്പ് പണം എത്തിയിട്ടുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. സിപിഎമ്മിന് ബാങ്കിൽ പ്രത്യേക അക്കൗണ്ടുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. സതീഷ് കുമാറിന് അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്താൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതെന്നും ഇഡി വ്യക്തമാക്കി.
സതീഷിന്റെ മകളുടെ മെഡിക്കൽ പഠനത്തിനായുള്ള ഫീസ് അരവിന്ദാക്ഷന്റെ അക്കൗണ്ടിൽ നിന്നാണ് അടച്ചിരുന്നതെന്നും ഇഡി കോടതിയിൽ പറഞ്ഞു. സതീഷും അരവിന്ദാക്ഷനും തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും ഇടപാടുകൾ സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷൻ സതീഷുമായി ബന്ധം സ്ഥാപിച്ചതെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. ഹർജി കോടതി 21ന് പരിഗണിക്കാനായി മാറ്റി.