ഉൾക്കാടുകളിൽ ട്രക്കിംഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിംഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തന്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്രക്കിംഗിന് പോയ വിനോദസഞ്ചാരികളാണ് ഈ വീഡിയോ പകർത്തിയത്. അത്തരത്തിൽ ട്രക്കിംഗിനിടെ പകർത്തിയ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ശ്രീലങ്കൻ സ്വദേശികളായ കുടുംബം യാല നാഷണൽ പാർക്കിൽ ട്രക്കിംഗിനിടെ ഷൂട്ട് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. വാഹനത്തിൽ പോകുന്നതിനിടെ മരങ്ങൾക്കിടയിൽ നിന്നും കുടുംബത്തിന് നേരെ ഒരു കാട്ടാന പാഞ്ഞടുക്കുകയും കാറിന്റെ ഡോർ തകർക്കുകയും ചെയ്തു. കുടുംബം പരിഭ്രാന്തിയിലാകുന്നതും ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം കാറിന്റെ വാതിലിലൂടെ തുമ്പിക്കൈ കാറുനുള്ളിലേക്കിട്ട് മുഴുവൻ പരിശോധിച്ചു. പിന്നെയും തുമ്പിക്കൈയ്യിട്ട് പരിശോധന തുടർന്നു. കാറിനുള്ളിലെ സാധനങ്ങൾ മുഴുവൻ തുമ്പിക്കൈ കൊണ്ട് കൊമ്പൻ പുറത്തേക്ക് വലിച്ചിട്ടു. കഴിക്കാനുള്ള സാധനങ്ങൾക്ക് വേണ്ടിയുള്ള ആവേശത്തിനിടെ വീഡിയോ എടുക്കുന്ന ഫോണും നിലത്തിട്ടു.
This is what happens when elephants get used to being fed by humans in passing vehicles!! pic.twitter.com/t56QpEIA9y
— Evarts (@r_evarts) December 12, 2023
ഡ്രൈവർ സീറ്റിന്റെ വാതിലിലൂടെയാണ് തുമ്പിക്കൈ കാറിനുള്ളിലേക്കിട്ടത്. പരിഭ്രാന്തിയ്‌ക്കിടയിൽ ബാഗിലുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് കുടുംബം പുറത്തേക്കെറിഞ്ഞു. ഇനിയൊന്നുമില്ലെന്ന് മനസിലായപ്പോൾ തുമ്പിക്കൈ പുറത്തേക്കെടുത്ത് വീണ്ടും കാട്ടിനുള്ളിലേക്ക് പാഞ്ഞു. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം ജീവൻ നഷ്ടപ്പെട്ടെന്ന് തോന്നിയെന്നാണ് വീഡിയോ പകർത്തിയ കുടുംബം പറയുന്നത്.