മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്‌കോർ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 410 റൺസാണ് ഇന്ത്യൻ ടീം എടുത്തത്. 88 വർഷത്തിനിടെ ഇത് ആദ്യമായാണ് വനിതാ ടെസ്റ്റിൽ ഒരു ടീം ഒരു ദിവസം 400ൽ അധികം റൺസ് നേടുന്നത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദീപ്തി ശർമയും(60) പൂജ വസ്ത്രകാറുമാണ്(4) ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നത്.
മദ്ധനിരയിലെ നാല് അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ സ്‌കോർ 400 കടത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത്. സതീശ് ശുഭയും (69) ജെമീമ റോഡ്രിഗസും (68) യസ്തിക ഭാട്യ (66) എന്നിവരാണ് ദീപ്തി ശർമയ്‌ക്ക് പുറമെ അർദ്ധശതകം കുറിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (49) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 73 പന്തിൽ 30 റൺസ് നേടിയാണ് സ്നേഹ റാണ പുറത്തായത്.
അതേസമയം ഓപ്പണർമാരായ സ്മൃതി മന്ഥാനയും ഷെഫാലി വർമയും കാര്യമായ സംഭാവനകൾ നൽകാതെയാണ് കൂടാരം കയറിയത്. 17 റൺസെടുത്ത് സ്മൃതിയും 19 റൺസെടുത്ത് ഷെഫാലിയും പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ലോറൻ ബെൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. കെയ്റ്റ് ക്രോസ്, നാറ്റ്സിവർ ബ്രണ്ട്, ചാർലി ഡീൻ, സോഫി എക്ലസ്റ്റോൺ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി.















