ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാറെന്ന് വ്യക്തമാക്കി യുഐഡിഎഐ. പാസ്പോർട്ട് എടുക്കുമ്പോൾ പ്രായം തെളിയിക്കാൻ സമർപ്പിക്കുന്ന രേഖകളുടെ പട്ടികയിൽനിന്ന് ആധാർ ഒഴിവാക്കി. പുതിയതായി പ്രിന്റ് ചെയ്യുന്ന കാർഡുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് ചേർത്തു തുടങ്ങിയിട്ടുണ്ട്.
ആധാറെടുക്കുമ്പോൾ നൽകിയ രേഖകളിലെ ജനനത്തീയതിയാണ് കാർഡിലുള്ളതെന്ന മുന്നറിയിപ്പും യുഐഡിഎഐ അറിയിപ്പിലുണ്ട്. ആധാർ പ്രായം തെളിയിക്കാനുള്ള രേഖയല്ലെന്ന നിലപാടാണ് വർഷങ്ങളായി പല കോടതികളിലും യുഐഡിഎഐ സ്വീകരിച്ചിരുന്നത്. കോടതികളും ഇത് ശരിവച്ചു. എന്നാൽ ആദ്യമായാണ് ഇക്കാര്യം ആധാർ കാർഡുകളിൽ രേഖപ്പെടുത്തുന്നത്. സർക്കാർ വകുപ്പുകളടക്കം ജനന തീയതി തെളിയിക്കാനുള്ള രേഖയായി ആധാർ ഉപയോഗിക്കുന്നുണ്ട്.
ആധാർ കാർഡിലെ തിരിച്ചറിയൽ വിവരങ്ങൾ, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടിയിട്ടുണ്ട്. 2024 മാർച്ച് 14 വരെയാണ് സമയം നീട്ടിയത്. ആധാറുള്ള വ്യക്തികൾ എൻറോൾമെന്റ് ചെയ്ത തീയതി മുതൽ 10 വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.