ന്യൂഡൽഹി : വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ . ഇന്ത്യൻ തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനും, പാഠ്യപദ്ധതിയിൽ വേദങ്ങളുടെയും, ഇന്ത്യൻ ഭാഷകളുടെയും പഠനത്തിനുമായാണ് തുക വകയിരുത്തിയിരിക്കുന്നത് .
“സംസ്കൃതത്തിൽ എഴുതപ്പെട്ട വേദങ്ങൾ, പുരാണങ്ങൾ , പുരാതന വൈദ്യചികിത്സ, നിയമം, രാഷ്ട്രീയം, സാമൂഹിക ശാസ്ത്രം, ചരിത്രം, മെട്രോളജി എന്നിവയിൽ കുട്ടികൾക്ക് അറിവ് നൽകാനാണ് തീരുമാനം “ – വിദ്യാഭ്യാസ സമ്പ്രദായം വിപുലീകരിക്കാനുള്ള സർക്കാരിന്റെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
വേദ വിജ്ഞാനം, മൂല്യങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ സ്വാംശീകരണം പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, വേദ വിദ്യാഭ്യാസം സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ആഗോളതലത്തിൽ രാജ്യത്തെ നയിക്കുന്ന മൂല്യാധിഷ്ഠിത യുവാക്കളുടെ ഒരു വിഭാഗത്തെ കൊണ്ടുവരുകയും ചെയ്യും.
അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ഇപ്പോൾ വൈദിക വിദ്യാഭ്യാസം, അതുമായി ബന്ധപ്പെട്ട കോഴ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അംഗീകരിക്കുന്നുണ്ട് .
വേദ ബോർഡുകൾ നൽകുന്ന പരീക്ഷകൾക്കും സർട്ടിഫിക്കേഷനുകൾക്കുമുള്ള തുല്യതയ്ക്കും ഇത് അംഗീകാരം നൽകി. ഭാരതീയ ശിക്ഷാ ബോർഡ് (BSB), മഹർഷി സന്ദീപനി രാഷ്ട്രീയ വേദ സംസ്കൃത ശിക്ഷാ ബോർഡ് (MSRVSSB), മഹർഷി സാന്ദിപനി രാഷ്ട്രീയ വേദ് വിദ്യാ പ്രതിസ്ഥാൻ (MSRVVP) എന്നീ വേദ ബോർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ തീരുമാനം പ്രയോജനപ്പെടും. വേദ ബോർഡുകളുടെ പാഠ്യപദ്ധതിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളും ഉണ്ട്.- എഐയു സെക്രട്ടറി ജനറൽ പങ്കജ് മിത്തൽ പറയുന്നു