വീടിന്റെ മുറ്റത്തും പറമ്പുകളിലും നിലത്തോട് ചേർന്ന് വളർന്നു പെരുകുന്ന ഒരു ചെറിയ സസ്യമാണ് മുക്കുറ്റി. ചെറു സസ്യമായതുകൊണ്ടു തന്നെ ഇവയ്‌ക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല. എന്നാൽ കുഞ്ഞനാണെങ്കിലും മുക്കുറ്റി ആൾ നിസാരക്കാരനല്ല. ഗുണങ്ങൾ അനവധി..
നല്ലൊരു വിഷസംഹാരി

തേനീച്ച, കടന്നൽ തുടങ്ങി ചെറിയ വിഷ ജീവികളുടെ കടിയേറ്റാൽ മുക്കുറ്റി അരച്ച് വിഷബാധയേറ്റ സ്ഥലത്ത് പുരട്ടുന്നത് നല്ലതാണ്. ഇതു അരച്ചു കഴിക്കുന്നതും വിഷത്തെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.
പ്രമേഹം കുറയ്‌ക്കുന്നതിന്

കുട്ടികളെന്നോ മുതിർന്നവരെന്നോ വേർത്തിരിവില്ലാതെ ഇന്ന് എല്ലാവർക്കും പെട്ടന്ന് വരുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ഈ രോഗത്തിന് നല്ലൊരു പ്രതിവിധിയാണ് മുക്കുറ്റി. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇലകൾ ചവച്ചരച്ച് കഴിക്കുന്നതും പ്രമേഹം കുറയ്‌ക്കാൻ സഹായിക്കുന്നു.
വയറുവേദന

വയറുവേദനയ്‌ക്കും വയറിളക്കത്തിനും ഉത്തമ പരിഹാരമാണ് മുക്കുറ്റി. ഇതിന്റെ ഇലകൾ അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് വയറിളക്കത്തിന് ആശ്വാസം നൽകും. ഇതിനുപുറമെ വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളും തടയാനും വയറുവേദന മാറാനും ഈ സസ്യം ഏറെ ഉത്തമമാണ്.
ചുമ, കഫക്കെട്ട് കുറയ്‌ക്കാൻ

മുക്കുറ്റി വേരോടെ അരച്ച് തേനിനൊപ്പം കഴിക്കുന്നത് ചുമയ്‌ക്ക് ആശ്വാസം നൽകുന്നു. കഫക്കെട്ട് നീക്കം ചെയ്യുന്നതിനും ഉത്തമമാണ് മുക്കുറ്റി ചെടി. നെഞ്ചിലെ ഇൻഫെക്ഷൻ മാറ്റിയെടുക്കാൻ മുക്കുറ്റിയുടെ ഇല കഴിക്കാം.
മുറിവുകൾ ഉണങ്ങുന്നതിന്

ശരീരത്തിലേൽക്കുന്ന ചെറിയ മുറിവുകൾ, പൊള്ളലുകൾ എന്നിവ ഉണക്കുന്നതിന് ഉത്തമമാണ് മുക്കുറ്റി. ഇത് അരച്ച് മുറിവുകളിലും പൊള്ളലേറ്റ ഭാഗങ്ങളിലും പുട്ടുന്നത് നീറ്റലും ചൊറിച്ചിലും കുറയ്‌ക്കാനും അണുബാധയുണ്ടാകുന്നത് തടയാനും സഹായിക്കുന്നു. ഇതിന്റെ ഇലകൾ ചൂടാക്കി മുറിവുകൾക്ക് മീതെ വച്ചു കെട്ടുന്നതും നല്ലതാണ്.















