വാർത്താ ഏജൻസിയായ ഐഎഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി. മാദ്ധ്യമരംഗത്തെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. അദാനി എന്റർപ്രൈസസ് ഗ്രൂപ്പിന്റെ മാദ്ധ്യമസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങിയത്. 50.50 ശതമാനം ഷെയറുകൾ ഏറ്റെടുത്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഓഹരികൾക്ക് എത്ര തുക ചിലവഴിച്ചുവെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷമാണ് അദാനി ഗ്രൂപ്പ് മാദ്ധ്യമ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്. എൻഡിടിവി, ബിക്യൂ പ്രൈം, എന്നിവ ഇതിനോടകം കമ്പനി ഏറ്റെടുത്തു. ഐഎഎൻഎസ് ഓഹരി ഉടമ സന്ദീപ് ബാംസായിയുമായാണ് അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവച്ചത്.
ഐഎഎൻഎസുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പ്രവർത്തനവും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നിയന്ത്രണവും ഇനി അദാനി ഗ്രൂപ്പിന്റെ എഎംഎൻഎല്ലിന് കീഴിലാകും പ്രവർത്തിക്കുക. കൂടാതെ സ്ഥാപനത്തിലെ എല്ലാ ഡയറക്ടർമാരെയും നിയമിക്കുന്നതിനുള്ള അവകാശം എഎംഎൻഎല്ലിനായിരിക്കും.