എറണാകുളം: മദ്ധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി ഫിർദോസ് അലിയാണ് പിടിയിലായത്. പൊന്നുരുന്നി റെയിൽവേ ഷണ്ടിംഗ് കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഇയാൾ 54-കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. എറണാകുളം റെയിൽവേ കോളനിയിൽ ഇയാൾ പത്തുവർഷമായി താമസിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ കളമശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലർച്ചയോടെയായിരുന്നു. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് എറണാകുളം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.