ഛണ്ഡീഗഡ്: ഇസ്രായേലിലെ നിർമ്മാണ മേഖലയിലുണ്ടായിരിക്കുന്ന തൊഴിലാളി ക്ഷാമം പ്രയോജനപ്പെടുത്താനൊരുങ്ങി ഹരിയാന സർക്കാർ. 10,000 തൊഴിലാളികളെ സർക്കാർ ഇസ്രായേലിലേക്ക് റിക്രൂട്ട് ചെയ്യും. പൊതുമേഖല സ്ഥാപനമായ ഹരിയാന കൗശൽ റോസ്ഗാർ നിഗമിന്റെ മേൽനോട്ടത്തിലാണ് റിക്രൂട്ട്മെന്റ് നടപടികൾ. ഇതിന്റെ ഭാഗമായി അപേക്ഷകർക്കായുള്ള മാനദണ്ഡം പുറത്തുവിട്ടിരുക്കുകയാണ് എച്ച്കെആർഎൻ.
25 മുതൽ 54 വയസുവരെ പ്രായമുള്ളവർക്കാണ് അവസരം. അപേക്ഷകർ 10-ാം ക്ലാസ് പാസായിരിക്കണം. നിർമ്മാണ മേഖലയിൽ മൂന്നുവർഷം പ്രവർത്തിപരിചയം തൊഴിലാളികൾക്ക് ആവശ്യമാണ്. കാർപെന്ററിംഗ്, സെറാമിക് ടൈൽ, സ്റ്റീൽ വർക്ക് എന്നീ മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർക്കാണ് മുൻഗണന. പ്രതിമാസം ശമ്പളമായി ലഭിക്കുന്നത് 6100 നിസാണ്( 1.34 ലക്ഷം രൂപ). അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെടുന്ന 10000 പേർക്കാണ് അവസരം ലഭിക്കുക.
ഇസ്രായേൽ- ഹമാസ് സംഘർഷത്തിന് പിന്നാലെ നിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന 90,000 പാലസ്തീനികളുടെ പെർമിറ്റ് ഇസ്രായേൽ റദ്ദാക്കിയിരുന്നു. ഇവർക്ക് പകരമായി ഇന്ത്യക്കാർക്ക് അവസരം നൽകണമെന്ന് ഇസ്രായേൽ ബിൽഡേർസ് അസോസിയേഷൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അവസരം പ്രയോജനപ്പെടുത്താൻ ഹരിയാന സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്.