കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ഒടുവിൽ നീക്കം ചെയ്ത് പോലീസ്. ബാനറുകൾ മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാതെ വന്നതോടെ അദ്ദേഹം നേരിട്ടെത്തി പോലീസിനെ കൊണ്ട് അഴിപ്പിക്കുകയായിരുന്നു. എസ്എഫ്ഐയ്ക്ക് വഴങ്ങി ഗവർണറുടെ ആദ്യ ശാസന കണ്ടില്ലെന്ന് നടിച്ച പോലീസിന് ഒടുവിൽ ഗവർണറെ അനുസരിക്കാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.
ബാനർ നീക്കം ചെയ്യാതിരുന്ന പോലീസുകാരെ മുന്നിൽ കൊണ്ടുനിർത്തി ഗവർണർ ശാസിക്കുന്നതും എസ്പി അടക്കമുള്ളവരെക്കൊണ്ട് ബാനർ അഴിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു ബാനറുകൾ നീക്കം ചെയ്യാൻ പോലീസിനോട് ഗവർണർ ആവശ്യപ്പെട്ടത്. ബാനറുകൾ കെട്ടാൻ എസ്എഫ്ഐയ്ക്ക് അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് അദ്ദേഹം നിർദ്ദേശവും നൽകിയിരുന്നു.
എന്നാൽ ഗവർണറുടെ നിർദ്ദേശം പോലീസുകാർ മുഖവിലയ്ക്കെടുത്തില്ല. ഇതു മനസിലാക്കിയ ഗവർണർ പോലീസുകാരെ വിളിച്ചുവരുത്തി ബാനറുകൾ അഴിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരുന്നതെങ്കിൽ, പോലീസുകാർ ഇതുപോലെ അനുസരിക്കാതിരിക്കുമോയെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയാണോ യൂണിവേഴ്സിറ്റി നടത്തുന്നതെന്നും നാണമില്ലേ നിങ്ങൾക്കെന്നും പോലീസുകാരോട് ഗവർണർ ഉന്നയിച്ചു.