പ്രഭാസ് ആരാധകർ വലിയ പ്രതിക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കെജിഎഫ്, കെജിഎഫ്2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമാ പ്രേമികളുടെ ആവേശം ഇരട്ടിയാക്കുന്നു. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന അത്ഭുത കലാസൃഷ്ടിയിലൂടെയാണ് ലോകം മുഴുവൻ പ്രഭാസ് അറിയപ്പെട്ടത്. അതിന് ശേഷം പ്രഭാസ് നായകനാകുന്ന ഒരു ചിത്രത്തിന് ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് സലാറിന് വേണ്ടിയാണ്.
സലാറിൽ പ്രഭാസ് നായകനായതിന് പിന്നാലെ തന്നെ രാജമൗലിയാണോ പ്രശാന്ത് നീലാണോ ബ്രഹ്മാണ്ഡ സംവിധായകൻ എന്ന ചോദ്യം സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. ഈ ചർച്ച തുടരുന്നതിനിടെയാണ് പ്രശാന്ത് നീലിനെ പുകഴ്‌ത്തി പ്രഭാസ് രംഗത്തെത്തിയിരിക്കുന്നത്. 21 വർഷത്തെ കരിയറിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ പ്രശാന്ത് നീൽ എന്നാണ് പ്രഭാസ് തുറന്നു പറഞ്ഞിരിക്കുന്നത്. നടന്റെ വാക്കുകൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയുമായി. ബാഹുബലി പോലൊരു സിനിമ നൽകിയ രാജമൗലിക്കും മേൽ പ്രശാന്ത് നീലിനെ പ്രഭാസ് പുകഴ്‌ത്തണമെങ്കിൽ സലാർ അത്രയ്‌ക്കും ഗംഭീരമായിരിക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
“എന്റെ 21 വർഷത്തെ അഭിനയ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹം എപ്പോഴാണ് എന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നത് എന്നറിയാൻ ഞാൻ ആകാംക്ഷയിലായിരുന്നു. സെറ്റിൽ പോകുന്നതിനേക്കാളും പെർഫോം ചെയ്യുന്നതിനേക്കാളും എനിക്ക് പ്രശാന്തിന്റെ കൂടെ സമയം ചിലവഴിക്കാനായിരുന്നു ആഗ്രഹം. എന്റെ മനസിൽ ആദ്യം വന്നത് ഇതായിരുന്നു. കഴിഞ്ഞ 21 വർഷമായി എനിക്ക് ഇത് അനുഭവപ്പെട്ടിട്ടില്ല. 6 മാസത്തോളം ഈ വേദന ഞാൻ അനുഭവിച്ചു”- പ്രഭാസ് പറഞ്ഞു.