കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എസ്എഫ്‌ഐ ഉയർത്തിയ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് രാജ് ഭവൻ. മുഖ്യമന്ത്രി അറിയാതെ കറുത്ത ബാനറുകൾ എസ്എഫ്‌ഐ കെട്ടില്ലയെന്നും വാർത്താക്കുറിപ്പിലൂടെ രാജ് ഭവൻ അറിയിച്ചു. സംസ്ഥാനത്തിന്റെ ഭരണ ഭരണസംവിധാനം തകർന്നു തുടങ്ങിയതിന്റെ തെളിവാണിതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഗവർണർക്കെതിരെയായി കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഉയർത്തിയ കറുത്ത ബനറുകൾ ഗവണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് ഇടപ്പെട്ട് നീക്കം ചെയ്തിരുന്നു. എന്നാൽ ഗവർണർക്കെതിരെ വെല്ലുവിളിയും അസഭ്യവർഷവും നടത്തി എസ്എഫ്‌ഐ പ്രവർത്തകർ നീക്കം ചെയ്ത ബാനറുകൾ വീണ്ടും കെട്ടാനുള്ള ശ്രമങ്ങളും നടത്തി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ രാജ് ഭവൻ രംഗത്തെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ബാനറുകൾ നീക്കം ചെയ്യാൻ പോലീസിനോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ ഗവർണറുടെ നിർദ്ദേശം പോലീസുകാർ പാലിച്ചിരുന്നില്ല. ഇതു മനസിലാക്കിയ ഗവർണർ നേരിട്ട് ഇടപെട്ട് പോലീസുകാരെ വിളിച്ചുവരുത്തി ബാനറുകൾ നീക്കം ചെയ്യുകയായിരുന്നു. ബാനറുകൾ കെട്ടാൻ എസ്എഫ്ഐയ്‌ക്ക് അനുവാദം നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം ചോദിക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശവും നൽകിയിരുന്നു.