പാലക്കാട്: താമരശ്ശേരി ചുരത്തിൽ കാർ യാത്രികരെ തടഞ്ഞ് 68 ലക്ഷം രൂപയോളം കവർച്ച നടത്തിയ കേസിൽ കൊടുങ്ങല്ലൂർ സ്വദേശികൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ തോമസ്, ഷാമോൻ എന്നിവരാണ് പിടിയിലായത്. മോഷണ സംഘത്തിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഘം സഞ്ചരിച്ച കാറുകളിൽ ഒന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൈസൂരുവിൽ നിിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരിയാണ് തട്ടിപ്പിനിരയായത്. സംഭവം നടന്നത് ബുധനാഴ്ചയാണെങ്കിലും ഇയാൾ പരാതി നൽകിയത് വെള്ളിയാഴ്ചയാണ്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്ന് അദ്ദേഹം പറയുന്നു.
ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. മൈസൂരുവിൽ നിന്ന് വിശാൽ കൊടുവള്ളിയിലേക്ക് കാറിലാണ് എത്തിയത്. ഒമ്പതാം വളവിലെത്തിയപ്പോൾ പിന്നിൽ രണ്ട് കാറുകളിലായെത്തിയ സംഘം വിശാലിന്റെ കാർ തടഞ്ഞു. പിന്നാലെ ഗ്ലാസ് അടിച്ച് തകർത്ത സംഘം വിശാലിനെ കാറിൽ നിന്ന് വലിച്ച് പുറത്തിട്ട ശേഷം മർദ്ദിക്കുകയായിരുന്നു. കൊടുവള്ളിയിൽ നിന്ന് പഴയ സ്വർണം വാങ്ങുന്നതിന് വേണ്ടിയുള്ള 68 ലക്ഷം രൂപയും 20,000 രൂപയുടെ ഫോണുമാണ് കാറിലുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു.















