മലയാള സിനിമയിൽ എന്നെന്നും പ്രേക്ഷകർ പ്രത്യേക സ്ഥാനം നൽകുന്ന സിനിമയാണ് പത്മരാജന്റെ തൂവാനത്തുമ്പികൾ. കഴിഞ്ഞ കുറച്ച് നാളുകളായി ഈ സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. സംവിധായകൻ രഞ്ജിത്ത് തൂവാനത്തുമ്പികളിൽ മോഹൻലാൽ ഉപയോഗിച്ചിരിക്കുന്ന തൃശൂർ ഭാഷ ശരിയല്ലെന്നും അന്ന് പത്മരാജനും മോഹൻലാലും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ലായെന്നും പറഞ്ഞതായിരുന്നു ഇതിനുള്ള കാരണം.
രഞ്ജിത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. പത്മരാജൻ പറഞ്ഞു തന്ന കാര്യങ്ങളാണ് താൻ ചെയ്തതെന്ന് മോഹൻലാലും പ്രതികരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയെക്കുറിച്ചും ചിത്രത്തിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് യഥാർത്ഥ ജീവിതത്തിലെ ജയകൃഷ്ണൻ. പത്മരാജന്റെ സുഹൃത്തായിരുന്ന ഉണ്ണി മേനോന്റെ കഥയായിരുന്നു പിന്നീട് വികസിപ്പിച്ച് പത്മരാജൻ തൂവാനത്തുമ്പികൾ ആക്കിയത്.
ചിത്രം കണ്ടപ്പോൾ സിനിമയിൽ തന്നെയായിരുന്നു കണ്ടതെന്നും തൃശൂരിനെ നന്നായി അറിയാത്ത മോഹൻലാൽ വളരെ തന്മയത്വത്തോടെ തന്നെ തൃശൂർ ഭാഷ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് ഉണ്ണി മേനോൻ പറയുന്നത്. പത്മരാജൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ വളരെ മനോഹാരിതയോടെയാണ് മോഹൻലാൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ ഉണ്ണി മേനോൻ പറഞ്ഞത്.
‘സിനിമ കണ്ടപ്പോൾ അത് ഞാൻ തന്നെ ആണെന്ന് തന്നെ തോന്നി. മോഹൻലാൽ അത് വളരെ തന്മയത്വത്തോട് കൂടി അഭിനയിച്ചിട്ടുണ്ട്. തൃശൂർ ഭാഷയും വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന്, ഇവിടെ തൃശൂർ ഒന്നും അറിയുകയില്ല. നന്നായിട്ട് ചെയ്യാനുള്ള കാരണം പത്മരാജനാണ്.
പത്മരാജൻ ഓരോ കാര്യങ്ങളും പറഞ്ഞ് മനസിലാക്കി കൊടുത്ത് വളരെ ആത്മാർത്ഥയോടെയാണ് ആ സിനിമ ചെയ്തിട്ടുള്ളത്. അതിന്റെ ഒരു ഗുണം ആ സിനിമ കാണുമ്പോൾ മനസിലാവും.’- ഉണ്ണി മേനോൻ പറയുന്നു.















