ഇസ്ലാമാബാദ് : പാകിസ്താനിൽ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഹബീബുള്ളയെ അജ്ഞാതൻ വെടിവച്ചു കൊന്നു . അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത് . ആഗോള ഭീകരൻ ഹാഫിസ് സയീദുമായി വളരെ അടുപ്പമുള്ളയാളായിരുന്നുഹബീബുള്ള. അതുകൊണ്ട് തന്നെ ഹബീബുള്ളയുടെ കൊലപാതകം സയീദിന് ലഭിച്ച വലിയ പ്രഹരമായി കണക്കാക്കപ്പെടുന്നു.
ഹബീബുള്ളയെ ഞായറാഴ്ച വൈകുന്നേരമാണ് അജ്ഞാതർ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പഖ്തൂൺഖ്‌വ പ്രവിശ്യയിൽ വച്ചാണ് കൊലപാതകം . ഹബീബുള്ള പാകിസ്താനിലെ നിരവധി യുവാക്കളെ തീവ്രവാദികളാക്കാൻ പ്രേരിപ്പിക്കുകയും അവരെ ലഷ്കർ ഇ ത്വയ്ബയിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. മുൻ ദേശീയ അസംബ്ലി (എംഎൻഎ) അംഗവും പിടിഐ നേതാവുമായ ദാവർ ഖാന്റെ ബന്ധുവാണ് ഹബീബുള്ള .
ഉറിയിൽ നടന്ന ഭീകരാക്രമണത്തിലും ഹബീബുള്ളയ്‌ക്ക് പ്രധാന പങ്കുണ്ട്. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത് 17 ഇന്ത്യന്‍ ജവാന്മാരായിരുന്നു .പിന്നാലെ ഇന്ത്യ സർജിക്കൽ സ്ട്രൈക്കും നടത്തിയിരുന്നു . റിപ്പോർട്ടുകൾ പ്രകാരം പാകിസ്താനിലെ 23 ഓളം ഭീകരരെ അജ്ഞാതരായ തോക്കുധാരികൾ വധിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്താനിൽ നിരവധി ഭീകരർ ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ഭീകരരിൽ ബിലാൽ മുർഷിദ്, അക്രം ഗാസി, അബു ഖാസിം തുടങ്ങി നിരവധി ഭീകരർ ഉൾപ്പെടുന്നു.