എറണാകുളം: മുഖ്യമന്ത്രിയുടെ നവകേരള സദസിനായി ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് സ്റ്റേ. ജില്ലകളിലെ നിയോജകമണ്ഡലങ്ങൾ തോറും നടക്കുന്ന നവകേരള സദസിന്റെ നടത്തിപ്പിന് പരസ്യത്തിലൂടെ ജില്ലാ കളക്ടർമാർ പണം കണ്ടെത്തണമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവാണിപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
പരിപാടിയുടെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചില്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നടപടി. എന്നാൽ പണം കണ്ടെത്താനുള്ള ഉത്തരവ് പൂർണമായും സ്റ്റേ ചെയ്തിട്ടില്ല.
അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹർജിയിലെ വാദം. ജില്ലാ കളക്ടർമാർ പരിപാടിയുടെ ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.