ലക്നൗ : യുപി പോലീസിന്റെ നടപടികളിൽ ഭയന്ന് അനധികൃത കന്നുകാലി കടത്തുകാരനും, കൊടും കുറ്റവാളിയുമായ മുഹമ്മദ് ആലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നിരവധി പശുക്കളെ കശാപ്പ് ചെയ്ത കേസിൽ പ്രതിയായിരുന്നു മുഹമ്മദ് ആലം . പേരും വിലാസവും സഹിതം പ്ലാക്കാർഡിൽ എഴുതി കഴുത്തിൽ കെട്ടിത്തൂക്കി കീഴടങ്ങാൻ സ്റ്റേഷനിലെത്തിയ മുഹമ്മദ് ആലത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
ബദൗണിലെ സഹസ്വാൻ കഹിർപൂർ ഖൈരാതി ഗ്രാമവാസിയായ മുഹമ്മദ് ആലം നിരവധി ഗോവധക്കേസുകളിൽ പ്രതിയാണ്. ഗോവധവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തിടെ ആലമിനെതിരെ പോലീസ് ഗുണ്ടാ നടപടി സ്വീകരിച്ചിരുന്നു.
ഇതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇയാൾക്കായി പോലീസ് തുടർച്ചയായി റെയ്ഡ് നടത്തി വരികയായിരുന്നു. കർശനമായ നിയമനടപടി ഭയന്ന്, ഇന്ന് ബദൗണിലെ ഹജ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു ആലം .
“ഖൈർപൂർ ഖൈരാതി പോലീസ് സ്റ്റേഷനിൽ താമസിക്കുന്ന നൂർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആലം, സഹസ്വാൻ, ബദായൂൺ ഗുണ്ടാ കേസിൽ പോലീസിന് മുന്നിൽ കീഴടങ്ങുകയാണ്. ഇനി ഞാൻ ഒരിക്കലും പശുക്കളെ കശാപ്പ് ചെയ്യില്ല, യോഗി ബാബ ദയവായി എന്നെ രക്ഷിക്കൂ.“ കഴുത്തിൽ തൂക്കിയ പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു.