ചെന്നൈ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് ആശ്വാസമായി ഇന്ത്യൻ സേന. നാവികസേനയുടെയും വ്യോമസേനയുടെയും അഞ്ച് ഹെലികോപ്റ്ററുകൾ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമെത്തിച്ചതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ വ്യക്തമാക്കി. ഇവ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നാവികസേനയുടെ ഗ്രൗണ്ട്, ഏരിയൽ റെസ്ക്യൂ ടീമുകൾ മൂന്ന് ഗർഭിണികളെ എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു. ആശങ്ക പരത്തി മഴ തുടരുന്ന സാഹചര്യത്തിൽ 7,500-ത്തിലധികം പേരെയാണ് പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്. വെള്ളം, ബ്രെഡ് പായ്‌ക്കറ്റുകൾ, ബിസ്ക്കറ്റ്, പാൽ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നുണ്ടെന്ന് മീണ പറഞ്ഞു. എൻഡിആർഎഫ് ടീമുകൾക്കൊപ്പം പതിനഞ്ച് എസ്ഡിആർഎഫ് ടീമുകളും രക്ഷപ്രവർത്തനങ്ങളിൽ സജീവമാണ്.
കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് മഴ ഏറഎ ദുരിതം വിതച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ജില്ലകളിൽ അഭൂതപൂർവമായ മഴയാണ് പെയ്തതെന്ന് ശിവ് ദാസ് മീണ പറഞ്ഞു. തൂത്തുക്കുടിയിൽ മാത്രം 950 മില്ലിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും.