ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് മരണം. പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. പുതുച്ചേരി, കാരയ്‌ക്കൽ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ നെൽവയലുകളും റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. നദികളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. നിരവധി പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്നു.
തെക്കൻ തമിഴ്‌നാട് തീരത്തും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40-45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.