കോഴിക്കോട്: ഗവർണർക്കെതിരെ എസ്എഫ്‌ഐ നടത്തുന്നത് അരാഷ്‌ട്രീയ പ്രവർത്തനമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. അക്രമ സമരം അവസാനിപ്പിക്കാൻ എസ്എഫ്‌ഐ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറെ പിൻവലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതിന് ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയല്ല. അദ്ദേഹത്തിന്റെ മക്കളാരും മാസപ്പടി വാങ്ങാറില്ല. അദ്ദേഹം ഡോളർക്കടത്തിന്റെയും ഭാഗമായിട്ടില്ല. ഏതെങ്കിലും വിദേശരാജ്യങ്ങളുമായി കരാറിലൊപ്പിട്ട് അഴിമതി നടത്തിയ ആളല്ല ഗവർണർ. അങ്ങനെയൊരു ഗവർണറെ എന്തിന് മാറ്റണം. അദ്ദേഹം തൽസ്ഥാനത്ത് തുടരണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് ബിജെപിയുടെയും നിലപാട്.
സർവ്വകലാശാല ക്യാമ്പസിൽ ഗവർണർ കാലുകുത്തില്ലെന്നായിരുന്നു എസ്എഫ്‌ഐയുടെ ഭീഷണി. ഗവർണർ കാലുകുത്തി, കാൽനടയായി യാത്ര ചെയ്തു. തെമ്മാടിക്കൂട്ടങ്ങളുടെ മുന്നിൽ മുട്ടുമടക്കില്ലെന്ന് ഗവർണർ തെളിയിച്ചു. അതുകൊണ്ട് അരാഷ്‌ട്രീയ-അക്രമ സമരത്തിൽ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
ഗവർണർക്ക് എസ്എഫ്‌ഐയെ അറിയില്ലെന്ന് പറഞ്ഞത് യാഥാർത്ഥ്യമാണ്. തെലങ്കാനയിലെ രാഷ്‌ട്രീയ പാർട്ടിയായ ബിആർഎസിന്റെ വിദ്യാർത്ഥി സംഘടനയും തമിഴ്നാട്ടിലെ ഡിഎംകെയുടെ വിദ്യാർത്ഥി സംഘടനയുമൊക്കെ എല്ലാവർക്കും സുപരിചിതമായിട്ടുള്ള കാര്യമല്ല. അതുപോലെ കേരളത്തിൽ മാത്രമുള്ള ഒരു പ്രാദേശിക പാർട്ടിയായ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയെ, പുറത്തുനിന്നുള്ള ആളെന്ന നിലയിൽ ഗവർണർ അറിഞ്ഞില്ലെന്ന് വരും. യഥാർത്ഥത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരാണെന്ന് മുഖ്യമന്ത്രിക്കും കൂട്ടർക്കും അറിയില്ലെന്നതാണ് സത്യം.
കുടുംബശ്രീക്കാരെയോ തൊഴിലുറപ്പുകാരേയോ നിർബന്ധിച്ച് എത്തിച്ച ജനക്കൂട്ടമായിരുന്നില്ല ഇന്നലെ കോഴിക്കോട് എത്തിയത്. യഥാർത്ഥ ജനപിന്തുണയെന്നത് ഇന്നലെ ഗവർണർക്ക് കോഴിക്കോട് നഗരത്തിൽ നിന്നും ലഭിച്ചു. നവകേരള സദസിലേക്ക് ഓരോരുത്തരെ ഭീഷണിപ്പെടുത്തി എത്തിക്കുന്നത് പോലെയുള്ള ജനക്കൂട്ടമായിരുന്നില്ല അത്. ഗവർണർ സ്വമേധയാ നടന്നപ്പോൾ സ്വാഭാവികമായുണ്ടായ ജനപിന്തുണയാണ് കോഴിക്കോട് നഗരത്തിലുണ്ടായത്.
കേരള ഗവർണർക്ക് സ്വന്തമായി തീരുമാനെടുക്കാനുള്ള ബുദ്ധിയുണ്ട്. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയോട് കൂടിയാലോചിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. ശരിയും തെറ്റും കണ്ടെത്താനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുണ്ട്. എകെജി സെന്ററിൽ നിന്ന് പട്ടിക കൊടുക്കുന്നതുപോലെയൊരു കീഴ്‌വഴക്കം ബിജെപിക്കില്ല. ഗവർണറുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന് ശേഷമാണ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട സമിതികളിലേക്ക് ആളുകളെ നിയമിച്ചിരിക്കുന്നത്. നിയമന പട്ടികയിൽ ഇടം പിടിച്ചവർക്ക് അയോഗ്യതയുണ്ടെങ്കിൽ പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്. അതുചെയ്യാതെ ഗവർണറെ കാലുകുത്തിക്കില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.
നിയമപരമായി നേരിടാൻ എന്തിനാണ് ഇക്കൂട്ടർ മടിക്കുന്നത്. കാരണം ആരോപണമുന്നയിക്കുന്നവരുടെ ഭാഗത്തല്ല ശരി എന്നതുകൊണ്ടാണ്. സർവ്വകലാശാല സമിതികളിൽ ഇടതുപക്ഷ അനുഭാവികൾ മാത്രമേ അംഗമാകാവൂ എന്നൊന്നില്ല. സർവ്വകലാശാലകളും ക്യാമ്പസും എസ്എഫ്‌ഐുടെ തറവാട്ടുസ്വത്തല്ല. തെറ്റിദ്ധാരണ തിരുത്താൻ എസ്എഫ്‌ഐ തയ്യാറാകണം. ഇന്ത്യയുടെ ഒരറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിനകത്തെ കറുത്തമുത്ത് മാത്രമാണ് സിപിഎമ്മും അനുബന്ധ സംഘടനകളെന്നും മനസിലാക്കുക. കേരളത്തിൽ യോഗ്യതയുള്ള, വിദ്യഭ്യാസ സമ്പന്നരായ ധാരാളമാളുകളുണ്ട്. അവരാരും ഇടതുമന്ത്രിമാരുടെ മക്കളും മരുമക്കളും ആകണമെന്നില്ല. മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളുടെ ഭാര്യമാരാകണമെന്നില്ല. വിദ്യാസമ്പന്നരായവർ ഇത്തരം സ്ഥാനങ്ങളിലെത്തുമെന്ന് സിപിഎമ്മും എസ്എഫ്‌ഐയും തിരിച്ചറിയണം.- പി.കെ കൃഷ്ണദാസ് പറഞ്ഞു.