ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊൻമുടി കുറ്റക്കാരനെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പൊൻമുടിയെയും ഭാര്യ പി വിശാലാക്ഷിയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഉത്തരവിട്ടത്.
പൊന്മുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയതിൽ സ്‌പെഷ്യൽ ജഡ്‌ജിക്ക് തെറ്റുപറ്റിയെന്നും ഡിസംബർ 21-ന് പൊൻമുടിയും ഭാര്യയും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരെന്ന് വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, ശിക്ഷാവിധി ഡിസംബർ 21-ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
2002-ലാണ് പൊൻമുടിക്കും ഭാര്യയ്‌ക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. 1996-2001കാലയളവിൽ ഡിഎംകെ സർക്കാരിൽ പൊൻമുടി മന്ത്രിയായിരുന്നപ്പോൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.