ഉദ്യോഗാർത്ഥികളിൽ നിന്നും 102 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. സ്റ്റോർ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് www.drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് ഡിആർഡിഒ അറിയിച്ചു.
സ്റ്റോർ ഓഫീസർ തസ്തികയിൽ 17 ഒഴിവുകളാണുള്ളത്. അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ 20 ഒഴിവുകളും പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ 65 ഒഴിവുകളുമാണുള്ളത്. അപേക്ഷകരുടെ പരമാവധി പ്രായം 2024 ജനുവരി 12-ന് 56 വയസ് കഴിയാത്തവരായിരിക്കണം. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവരായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഡിആർഡിഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഒഴിവുകൾ സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഹോംപേജിൽ നൽകിയിട്ടുള്ള ഡിആർഡിഒയിലെ വിവിധ തസ്തികകൾ പൂരിപ്പിക്കൽ, പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ എന്ന ഓപ്ഷനിലാണ് വിജ്ഞാപനം നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങൾക്കനുസൃതമായി ഫോം പൂരിപ്പിക്കുക. കൂടാതെ ആവശ്യമായ രേഖകളും അറ്റാച്ച് ചെയ്യുക. ഡിആർഡിഒയുടെ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മൂഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർ ഡിആർഡിഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തെടുക്കണം. ഡെപ്യൂട്ടി ഡയറക്ടർ, ഡിടി ഓഫ് പേഴ്സണൽ (പേഴ്സ്-എഎഎൽ), റൂം നമ്പർ 266, രണ്ടാം നില, ഡിആർഡിഒ ഭവൻ, ന്യൂഡൽഹി – 11010 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം സ്പീഡ് പോസ്റ്റ് മുഖേന അയച്ച് ജനുവരി 12-ന് മുമ്പ് ഓഫീസിൽ ലഭിക്കണം.