യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ മിനിസ്‌ക്രീനിലേക്ക്. നവാഗത അനുഷ പിള്ളയാണ് സംവിധായിക. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് പുസ്തകം സിനിമയാക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നാണ് പതിനഞ്ച് പതിപ്പുകൾ പിന്നിട്ട റാം കെയർ ഓഫ് ആനന്ദി.
കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറും സംവിധായകൻ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം- തമിഴ് ഭാഷകളിൽ തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിൽ തമിഴിലേയും മലയാളത്തിലേയും പ്രമുഖതാരങ്ങൾ അഭിനേതാക്കളാകുമെന്നാണ് റിപ്പോർട്ട്. അഭിനേതാക്കളെയും സിനിമയുടെ അണിയറപ്രവർത്തകരെയും പറ്റി അറിയിക്കുമെന്ന് പുസ്തകത്തിന്റെ രചയിതാവ് അഖിൽ അറിയിച്ചു.
സിനിമാറ്റിക് നോവലായ റാം കെയർ ഓഫ് ആനന്ദി ചെന്നൈ പട്ടണത്തിന്റെ കഥയാണ് പറയുന്നത്. ചെന്നൈ കേന്ദ്രീകരിച്ചു ഒരു നോവൽ എഴുതുന്നതിനൊപ്പം സിനിമയെക്കുറിച്ച് പഠിക്കുകയും കൂടി ചെയ്യുക എന്ന ലക്ഷ്യത്തോടെ ചെന്നൈയിലെത്തുന്ന റാം എന്ന ചെറുപ്പക്കാരനിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഫിലിം സ്‌കൂളിലും താമസസ്ഥലത്തും യാത്രയിലും റാം കണ്ടു മുട്ടുന്ന മല്ലിയും ആനന്ദിയും പാട്ടിയും വെട്രിയും രേഷ്മയുമാണ് നോവലിലെ പ്രധാനകഥാപാത്രങ്ങൾ. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും കോർത്തിണക്കിയ നോവൽ സിനിമയാകുമ്പോൾ മുഖ്യവേഷങ്ങളിൽ പ്രണവ് മോഹലാലും സായ്പല്ലവിയും എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.















