എറണാകുളം: മണ്ഡലകാല തീർത്ഥാടനത്തിനോടനുബന്ധിച്ച് ശബരിമലയിൽ എത്തുന്ന ഇതര സംസ്ഥാനക്കാരായ ഭക്തരിൽനിന്ന് ഭക്ഷണത്തിന് അമിതവില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഭക്തരിൽ നിന്ന് അമിതവില ഈടാക്കുന്നത് തടയുന്നതിനായി സന്നിധാനത്ത് ഉൾപ്പെടെ പരിശോധന നടത്തണം. നിലവിൽ നിശ്ചയിച്ചിരിക്കുന്ന വിലതന്നെയാണോ ഈടാക്കുന്നതെന്ന് കളക്ടർമാർ ഉറപ്പ് വരുത്തണം. അമിത തുക ഈടാക്കുന്നത് കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളെയും ദേവസ്വം ബോർഡിനെയും അറിയിച്ച് ഇവരെ കരിമ്പട്ടികയിൽപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഭക്തരിൽ നിന്ന് അമിത് നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അമിതവില ഈടാക്കുന്നത് തടയാനായി ലീഗൽ മെട്രോളജി വകുപ്പ് പതിവായി പരിശോധന നടത്തുന്നുണ്ടെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. തുടർന്ന് കേസിൽ ലീഗൽ മെട്രോളജി വകുപ്പിനെ കോടതി കക്ഷിചേർത്തു.















