ന്യൂഡൽഹി: പ്രളയ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. കഴിഞ്ഞ ദിവസം രാജ്യസഭയിലായിരുന്നു ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമർശം. രക്ഷാപ്രവർത്തനം നടത്തുന്നതിലും ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. സേനാ വിഭാഗങ്ങൾ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എല്ലാവിധത്തിലുള്ള സഹായങ്ങളും നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവ് തമ്പി ദുരൈയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഗോയലിന്റെ പരാമർശം.
സംസ്ഥാനം പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്നതിനിടയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കേണ്ട മുഖ്യമന്ത്രി ഇൻഡി മുന്നണി യോഗത്തിനെത്തിയതിനെതിരെ വിമർശനം ശക്തമാണ്. ട്വിറ്ററിലടക്കം ‘മുഖ്യമന്ത്രിയെ കാണാനില്ലെന്ന’ ക്യാമ്പെയ്ൻ ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി കാട്ടിയ കെടുകാര്യസ്ഥതയ്‌ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നു. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സ്വന്തംകാര്യം നോക്കി ആ വഴിക്ക് പോകുന്ന പിതാവ് കരുണാനിധിയുടെ പാത തന്നെയാണ് സ്റ്റാലിനും പിന്തുടരുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഇതുവരെ 10 മരണങ്ങൾ സ്ഥിരീകരിച്ചു. സൈന്യവും വ്യോമസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ഗവർണറുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം വിളിച്ചുചേർത്തു.















